ന്യൂഡൽഹി: ചൈനയുടെ ആയുധ പരീക്ഷണശാലയാണ് പാകിസ്ഥാനെന്ന് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിംഗ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ച ആയുധങ്ങളിൽ 81 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. ചൈന യഥാർത്ഥത്തിൽ പാകിസ്ഥാനിലൂടെ ആയുധങ്ങൾ പരീക്ഷിക്കുകയായിരുന്നു. എഫ്‌ഐസിസിഐ സംഘടിപ്പിച്ച ‘ന്യൂ ഏജ് മിലിട്ടറി ടെക്‌നോളജീസ്’ എന്ന പരിപാടിയിലാണ് പാക്- ചൈന അവിശുദ്ധ ബന്ധം അദ്ദേഹം തുറന്നുകാട്ടിയത്.
സംഘർഷത്തിൽ പാകിസ്ഥാൻ, ചൈന, തുർക്കി എന്നീ മുന്ന് ശത്രുക്കളെയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യൻ നഗരങ്ങളെയും സൈനിക സ്ഥാപനങ്ങളെയും ലക്ഷ്യം വയ്‌ക്കാൻ ഉപയോഗിച്ച ഡ്രോണുകൾ തുർക്കിയാണ് പാകിസ്ഥാന് നൽകിയത്. ബാക്കിയുള്ളവ ചൈന സമ്മാനിച്ചവയായിരുന്നു. ഡിജിഎംഒ തലത്തിലുള്ള ചർച്ചയിലെ വിവരങ്ങൾ അടക്കം വരെ പാകിസ്ഥാൻ തത്സമയം ചൈനയ്‌ക്കും തുർക്കിക്കും കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയും മനുഷ്യബുദ്ധിയും ഉപയോഗിച്ച് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത്. 21 ലക്ഷ്യങ്ങളാണ് തിരിച്ചറിഞ്ഞത്. അവസാന മണിക്കൂറുകളിലാണ് ഇതിൽ നിന്നും എറ്റവും കൃത്യതയുള്ള 9 എണ്ണം തിരഞ്ഞെടുത്തത്.
മൂന്ന് സൈനിക ശക്തിയും സംയോജിപ്പിച്ച് കൊണ്ടുള്ള സന്ദേശം പാകിസ്ഥാന് നൽകണമെന്നത് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു. സൈനിക നീക്കത്തിന്റെ ലക്ഷ്യം നിറവേറുമ്പോൾ അത് അവസാനിപ്പിക്കാൻ ശ്രമിക്കണം. യുദ്ധം ആരംഭിക്കാൻ എളുപ്പമാണ്, പക്ഷേ അത് നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ വെടി നിർത്തൽ വളരെ വിദഗ്‌ദ്ധമായി ആലോചിച്ച് എടുത്ത നീക്കമായിരുന്നുവെന്നും ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിംഗ് വ്യക്തമാക്കി.















