മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കം ചെയ്തു. അഫ്ഗാൻ അംബാസഡർ ഗുൽ ഹസ്സൻ ഹസ്സനിന്റെ നിയമനത്തിന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകുകയും ചെയ്തു. ഇസ്ലാമിക വിശ്വാസ പ്രഖ്യാപനമായ ഷഹാദ ആലേഖനം ചെയ്ത താലിബാന്റെ വെള്ളക്കൊടി എംബസി ബാൽക്കണിയിൽ അഫ്ഗാൻ നയതന്ത്രജ്ഞർ ഉയർത്തുകയും ചെയ്തു.
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇതിനെ ഒരു ചരിത്രപരമായ ചുവടുവയ്പ്പ് എന്നാണ് വിശേഷിപ്പിച്ചത്. “മറ്റ് രാജ്യങ്ങൾക്ക് ഒരു നല്ല മാതൃക” എന്നാണ് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിന്റെ പ്രതികരണം.
2021 ലാണ് അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. രണ്ട് മാസം മുമ്പ്, റഷ്യൻ സുപ്രീം കോടതി താലിബാന്റെ പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് താലിബാനെ തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ല നിയമത്തിൽ പ്രസിഡന്റെ വ്ളാഡമിർ പുടിൻ ഒപ്പുവച്ചത്.
പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് മോസ്കോ താലിബാനുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയതെന്ന് റഷ്യൻ ഓറിയന്റലിസ്റ്റും പത്രപ്രവർത്തകനുമായ റസ്ലാൻ സുലൈമാനോവ് പറയുന്നു.















