കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കേറ്റ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ബിന്ദുവിന്റെ വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞനിലയിലാണ്.
ശ്വാസകോശം, ഹൃദയം, കരൾ ഉൾപ്പെടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതാണ് രക്തസ്രാവത്തിന് കാരണമായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതിന് ശേഷമാണ് ബിന്ദു മരിച്ചത്. പുറത്തെടുക്കുന്ന സമയത്ത് ബിന്ദുവിന് ബോധമുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ ചികിത്സയ്‌ക്ക് പിന്നാലെയാണ് ബിന്ദു മരണപ്പെട്ടത്.
ഇന്ന് രാവിലെയായിരുന്നു ബിന്ദുവിന്റെ സംസ്കാരം നടന്നത്. നിരവധി പേരാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. മക്കളായ നവനീതിന്റെയും മകൾ നവമിയുടെയും കരച്ചിൽ കണ്ടുനിന്നവരുടെ ഉള്ളുലച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥ വ്യക്തമാക്കുന്നതാണ് ബിന്ദുവിന്റെ മരണം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണ ജോർജ് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്.















