കൊൽക്കത്ത: പൊതുപരിപാടിയിൽ പരസ്പരം ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ജൂലൈ 21-ന് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയുടെ ഭാഗമായുള്ള ഒരുക്കങ്ങൾക്കിടെയാണ് നാടകീയരംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ആശിഷ് കുണ്ടു, എംഎൽഎ സമർ മുഖർജി എന്നിവരാണ് വേദിയിൽ പരസ്പരം ഭീഷണിമുഴക്കിയത്.
പൊതുവേദിയിൽ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുകയും കൈച്ചൂണ്ടി സംസാരിക്കുകയും ചെയ്യുന്ന നേതാക്കളുടെ വീഡിയോ പുറത്തുവന്നു. കൈച്ചൂണ്ടി സംസാരിച്ചാൽ വിരൽ തല്ലിയൊടിക്കുമെന്ന് ആശിഷ് കുണ്ടു പറയുമ്പോൾ മറുപടിയായി അടിച്ചൊതുക്കുമെന്നാണ് സമർ മുഖർജി പറയുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊതുവേദിയിലെ നേതാക്കന്മാരുടെ മോശം പെരുമാറ്റത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി.















