ദിലീപ് നായകനായി എത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രമായ ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാന’ ത്തിന്റെ ടീസർ പുറത്തെത്തി. ബിഗ് ബജറ്റ് ചിത്രമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ടീസറിലെ രംഗങ്ങൾ. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടെന്ന് സൂചനയും ടീസർ നൽകുന്നു. 1.38 മിനിട്ട് ദൈർഘ്യം വരുന്ന ടീസറിൽ കളർഫുൾ വിഷ്വലുകളാണ് നിറയുന്നത്.
നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻ്റി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലോ സുരേഷ്ഗോപിയോ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും വിവരമുണ്ട്. ഓണം റിലീസായാകും ചിത്രം തിയേറ്ററിലെത്തുക. ദിലീപിന്റെ തിരിച്ചുവരവ് എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ചിത്രം കൂടിയാണിത്.















