പോർട്ട് ഓഫ് സ്പെയിൻ: ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ, ഭീകരതയെ “മാനവികതയുടെ ശത്രു” എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1990-ൽ അട്ടിമറി ശ്രമം നടന്ന ചരിത്രപ്രസിദ്ധമായ റെഡ് ഹൗസിൽ നിന്ന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം പ്രാദേശിക നിയമനിർമ്മാതാക്കളെയും ആഗോള സമൂഹത്തെയും ഒരുപോലെ ആകർഷിച്ചു.
“ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്. ഈ റെഡ് ഹൗസ് തന്നെ ഭീകരതയുടെ മുറിപ്പെടുത്തലുകൾക്കും നിരപരാധികളുടെ രക്തച്ചൊരിച്ചിലിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭീകരതയ്‌ക്ക് അഭയം നൽകാതിരിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിന്നതിന് ഈ രാജ്യത്തെ ജനങ്ങൾക്കും സർക്കാരിനും ഞങ്ങൾ നന്ദി പറയുന്നു,” അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ആഗോള സുരക്ഷാ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. വളർന്നുവരുന്ന ഈ വിപത്തിനെ നേരിടുന്നതിന് അന്താരാഷ്‌ട്ര സഹകരണവും ഐക്യദാർഢ്യവും നിർണായകമാണെന്ന അദ്ദേഹത്തിന്റെ സന്ദേശം വളരെ വ്യക്തമായിരുന്നു.















