ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ നേവൽ ഏവിയേഷൻ ഫൈറ്റർ സ്ട്രീമിലേക്ക് നിയമിതയായ ആദ്യ വനിതാ ഓഫീസറായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദെഗയിൽ നടന്ന രണ്ടാമത്തെ ബേസിക് ഹോക്ക് കൺവേർഷൻ കോഴ്‌സിന്റെ വിംഗിംഗ് ചടങ്ങിൽ, അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് (എയർ) റിയർ അഡ്മിറൽ ജനക് ബെവ്‌ലിയിൽ നിന്ന് അവർ ‘വിംഗ്‌സ് ഓഫ് ഗോൾഡ്’ ബഹുമതി സ്വീകരിച്ചു.
മറ്റ് രണ്ട് ഓഫീസർമാരും കോഴ്‌സിൽ നിന്ന് ബിരുദം നേടിയെങ്കിലും, സബ് ലെഫ്റ്റനന്റ് പൂനിയയുടെ പ്രവേശനമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പൈലറ്റുമാരായും എയർ ഓപ്പറേഷൻ ഓഫീസർമാരായും വനിതാ ഓഫീസർമാരെ മുമ്പ് നിയോഗിച്ചിട്ടുണ്ടെങ്കിലും, വെല്ലുവിളി നിറഞ്ഞ യുദ്ധവിമാനങ്ങളുടെ വിഭാഗത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് ഇതാദ്യമായാണ്.
ബിടെക് പൂർത്തിയാക്കിയ ശേഷം ഷോർട്ട് സർവീസ് കമ്മീഷൻ എൻട്രി വഴി ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ ചേർന്ന ആസ്ത ഇവിടെ നിന്നും പ്രാഥമിക പരിശീലനം നേടി. ശേഷം പിലാറ്റസ് PC-7 Mk II വിമാനത്തിൽ അടിസ്ഥാന പറക്കൽ പരിശീലനത്തിനായി ദുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിയിലേക്ക് മാറി. പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിൽ ആസ്ത വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ ഹോക്ക് AJT പറത്തിയിരുന്നു.















