ബ്യൂണസ് അയേഴ്സ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അർജന്റീനയിൽ. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി തല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.നേരത്തെ 2018 ൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അർജന്റീനയിലെത്തിയിട്ടുണ്ട് .
ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ പഞ്ചരാഷ്‌ട്ര സന്ദർശനത്തിലെ മൂന്നാമത്തെ സ്ഥലമാണിത്. ലാറ്റിനമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയും ജി 20 യിൽ അടുത്ത സഹകാരിയുമാണ് അർജന്റീനയെന്നും കഴിഞ്ഞ വർഷം താൻ കണ്ടുമുട്ടിയ പ്രസിഡന്റ് ജാവിയർ മിലേയുമായുള്ള ചർച്ചകൾക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ യാത്രാ പ്രസ്താവനയിൽ പറഞ്ഞു. എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു.
ഇന്ത്യ-അർജന്റീന തന്ത്രപരമായ പങ്കാളിത്തം, സാമ്പത്തിക സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജാവിയർ മിലിയുമായി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















