തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പാണ് ജ്യോതി മൽഹോത്രയുടെ യാത്രയുടെയും താമസത്തിന്റെയും അടക്കം മുഴുവൻ ചെലവുകൾ വഹിച്ചത്.
2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം കേരളത്തിൽ എത്തിയ വ്ലോഗർമാരുടെ പട്ടിക പുറത്തു വന്നു. ഇതിൽ ജ്യോതി മൽഹോത്രയുടെ പേരുണ്ട്. മൂന്ന് ലക്ഷത്തിലധികം സബസ്ക്രൈബേഴ്സുള്ള ഇവരുടെ ട്രാവൽ വിത്ത് ജോ എന്ന യുട്യൂബ് ചാനലിൽ ആകെ 487 വീഡിയോകളാണ് ഉള്ളത്. ഇതിൽ നല്ലൊരു പങ്കും പാകിസ്ഥാനിൽ നിന്നുള്ളതാണ്. ഇത്തരം ഒരാളെ എന്തിന് സർക്കാർ സ്പോൺസർ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണ്.
ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപണം ശരിവയ്‌ക്കുന്നത് കൂടിയാണ് വിവരാവകാശ രേഖയിലെ വിവരങ്ങൾ. ജ്യോതി മൽഹോത്രയുടെ യാത്ര സ്പോൺസർ ചെയ്തത് കേരള ടൂറിസമാണെന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെ അദ്ദേഹം ആരോപിച്ചിരുന്നു. പാക് ബന്ധമുള്ള ഒരു ചാരന് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഈ വർഷം ജനുവരിയാണ് യുവതി കേരളത്തിൽ എത്തിയത്. ഏഴ് ദിവസത്തോളം ഇവിടെ തങ്ങുകയും ചെയ്തു. ഇതിനിടെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച് വ്ലോഗ് ചെയ്തിരുന്നു. യുട്യൂബ് ചാനലിൽ കേരളത്തിൽ നിന്നുള്ള വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്‌ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിലുണ്ട്.
പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെയാണ് യുവതി പിടിയിലായത്. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായവരിൽ പ്രധാനിയായിരുന്നു ഹരിയാന സ്വദേശിയായ യൂട്യൂബർ . പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവർക്ക് ജ്യോതി പല വിവരങ്ങളും കൈമാറിയതായെന്നും അവരുമായി അടുത്ത ബന്ധം പുലർത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.















