ബർമിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യൻ സമയം വൈകീട്ട് 3 :30 ആരംഭിക്കേണ്ട മത്സരം മഴകാരണം തുവരെ തുടങ്ങാനായിട്ടില്ല. മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാവാത്തത് ഇന്ത്യയുടെ വിജയപ്രതീക്ഷകൾ തുലാസിലാക്കിയിരിക്കുകയാണ്.
മത്സരം തുടങ്ങാൻ വൈകുന്തോറും ഓവറുകളും നഷ്ടമാകുമെന്നതിനാൽ ഇന്ത്യക്കത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം രാത്രി ബെർമിംഗ്ഹാമിൽ ശക്തമായ മഴ പെയ്തിരുന്നു. ഇന്ന് രാവിലെയും മഴ തുടർന്നതോടെ പിച്ചും ബൗളര്‍മാരുടെ റണ്ണപ്പ് ഏരിയയും മൂടിയിട്ടിരിക്കുകയാണ്.
കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് അഞ്ചാം ദിനം മഴപെയ്യാനുള്ള സാധ്യത 60 ശതമാനത്തിലധികമാണ്. രാവിലെ ആറ് മണിമുതൽ എഡ്ഗബാസ്റ്റണിലെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. കൂടുതൽ നേരം മഴ പെയ്താൽ, ഇംഗ്ലണ്ട് ഇന്ന് സമനിലയിൽ രക്ഷപ്പെടാനും സാധ്യതയുണ്ട്. അഞ്ചാം ദിവസം 7 വിക്കറ്റ് വീഴ്ത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, എഡ്ജ്ബാസ്റ്റണിലെ കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ക്യാപ്റ്റൻ ഗിൽ കൂടുതൽ ആക്രമണാത്മകമായി കളിക്കുകയും നേരത്തെ ഡിക്ലയർ ചെയ്യുകയും ചെയ്യണമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.
അവസാനദിനം 90 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കണമെങ്കിൽ 536 റൺസ് കൂടി വേണം. കഴിഞ്ഞ ദിവസം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒലി പോപ്പും (24*), ഹാരി ബ്രൂക്കു (15*) മാണ് ക്രീസിൽ. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി.















