ബെംഗളൂരു: ഉയരം കുറഞ്ഞ പുങ്കാനൂർ ഇനത്തിൽപ്പെട്ട പശുക്കിടാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ബെംഗളൂരു ബിജെപി എംപി തേജസ്വി സൂര്യയും ഭാര്യ ശിവശ്രീ സ്കന്ദപ്രസാദും. പശുക്കിടാവിനെ ഹാരവും തിലകവുമണിയിച്ച് വീടിനുള്ളിലേക്ക് കൊണ്ടുവരുന്ന വീഡിയോ ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടു.
“നമ്മുടെ പുതിയ അതിഥിയെ പരിചയപ്പെടൂ! പുംഗനൂർ പശുക്കുട്ടി എത്തി, ഞങ്ങളുടെ ഹൃദയങ്ങൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവൾ ചെറുതാണ്, പക്ഷേ വലിയ നിഷ്കളങ്കമായ മുഖവും വലിയ മാൻ കണ്ണുകളുമുണ്ട്. എല്ലാം ഗോവിന്ദന്റെ അനുഗ്രഹം,” ശിവശ്രീ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ പശു ഇനങ്ങളിലൊന്നാണ് പുങ്കാനൂർ. ചിറ്റൂർ ജില്ലയിലെ പുങ്കാനൂർ പട്ടണത്തിന്റെ പേരിലാണ് പുങ്കാനൂർ പശു അറിയപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ ഗുണമേന്മയുള്ളതും ഔധധമൂല്യവുമുള്ള പാലാണ് ഇവ ഉത്പാദിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. മറ്റ് കന്നുകാലി ഇനങ്ങളുടെ പാലിനെ അപേക്ഷിച്ച് ഇതിന്റെ പാലിൽ ഉയർന്ന കൊഴുപ്പിന്റെ അംശം ഉണ്ട്. സാധാരണയായി, പശുവിൻ പാലിൽ 3 മുതൽ 5 ശതമാനം വരെ കൊഴുപ്പുണ്ട്, എന്നാൽ പുംഗന്നൂർ പശുവിന്റെ പാലിൽ ഏകദേശം 8 ശതമാനം കൊഴുപ്പിന്റെ അംശം അടങ്ങിയിരിക്കുന്നു. നല്ല ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമായ ഒമേഗ ഫാറ്റി ആസിഡുകൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതിന്റെ പാലിൽ അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരാശരി 3 മുതൽ 5 ലിറ്റർ വരെ പാൽ ലഭിക്കും.