ലഖ്‌നൗ: പാലിൽ തുപ്പിയിട്ട് വീടുകളിൽ നൽകുന്ന പാൽക്കാരനെ അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഗോമതി നഗറിലെ വീട്ടുകാരുടെ പരാതിയിൽ പപ്പു എന്നുവിളിക്കുന്ന മുഹമ്മദ് ഷരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ മുഹമ്മദ് പാലിൽ തുപ്പുന്നത് കണ്ട വീട്ടുകാരാണ് പരാതി നൽകിയത്.
പൊലീസ് പറയുന്നതനുസരിച്ച്, ഗോമതി നഗറിലെ വിനയ് ഖണ്ഡ് നിവാസിയായ ലവ് ശുക്ല ശനിയാഴ്ച രാവിലെ തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കാണാനിടയായി. ഇതിൽ വീട്ടിൽ പാൽ നൽകാനെത്തിയ മുഹമ്മദ് പാലിൽ തുപ്പുന്നത് കണ്ട ലവ് ശുക്ല ഉടൻ തന്നെ ഗോമതി നഗർ പോലീസ് സ്റ്റേഷനിൽ പാൽക്കാരനെതിരെ പരാതി നൽകി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തുടർ നടപടികൾ സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രിജേഷ് തിവാരി അറിയിച്ചു.
സെപ്റ്റംബറിൽ, സഹാറൻപൂർ ജില്ലയിലെ ഒരു ഭക്ഷണശാലയിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് പരാതികൾ ഉയർന്നതോടെ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു.