മുംബൈ: മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടതെന്ന് സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിദേശ ബോട്ടെന്നാണ് നിഗമനം. ബോട്ടിൽ വിദേശരാജ്യത്തിന്റെ ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റായ്ഗഡ് എസ്പിയുടെ അഞ്ചൽ ദലാലിന്റെ നേതൃത്വത്തിലുള്ള സംഘം ബാർജിൽ ബോട്ടിനെ പിന്തുടർന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഉദ്യോഗസ്ഥർക്ക് ബോട്ടിനടുത്തേക്ക് എത്താൻ സാധിച്ചില്ല.
റായ്ഗഡ് പൊലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്), ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർടി), നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്ത് നിരീക്ഷണം തുടരുകയാണ്. കൂടാതെ ജില്ലയിലെ മുഴുവൻ കടൽ തീരത്തും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.