ന്യൂഡൽഹി: നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിക്ക് ക്രൂരപീഡനം. ഹരിയാനയിലെ പാനിപ്പത്താണ് സംഭവം. ട്രെയിനിലെ നിർത്തിയിട്ടിരുന്ന കോച്ചിലാണ് സംഭവം നടന്നത്. തന്റെ ഭർത്താവ് പറഞ്ഞയച്ച ആളെന്ന വ്യാജേനയാണ് ഒരാൾ തന്റെ അടുത്തെത്തിയതെന്നും മൂന്ന്, നാല് പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ജൂലൈ നാല് മുതൽ യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനിലിരുന്നിരുന്ന യുവതിയെ ഭർത്താവ് വിളിക്കുന്നുവെന്ന് പറഞ്ഞാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളില്ലാത്ത കോച്ചിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് രണ്ട്, മൂന്ന് യുവാക്കളും യുവതിയെ പീഡനത്തിനിരയാക്കി. അക്രമത്തിന് ശേഷം റെയിൽവേ ട്രാക്കിലേക്ക് യുവതിയെ വലിച്ചെറിഞ്ഞു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.















