എറണാകുളം: തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ നിന്നും സ്വർണം മോഷ്ടിച്ച് കാർ വാങ്ങിയ ആൾ പിടിയിൽ. കട്ടപ്പന സ്വദേശി ജിനേഷാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണം ജ്വല്ലറിയിൽ കൊടുത്ത് മാറ്റി വാങ്ങിയ ശേഷം ബാങ്കിൽ പണയം വയ്‌ക്കുകയായിരുന്നു. ഈ പണം കൊണ്ട് ഇന്നോവ കാറാണ് ജിനേഷ് വാങ്ങിയത്. ആറോളം മോഷണക്കേസിലെ പ്രതിയാണ് ഇയാൾ.
ആശുപത്രിയിലെ മുറിയിൽ കയറി 30 പവൻ സ്വർണമാണ് പ്രതി മോഷ്ടിച്ചത്. ആ സമയം രോഗി ഉറക്കത്തിലായിരുന്നു. വീട് അടച്ചിട്ടതിനാലാണ് രോഗി സ്വർണം ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. മോഷ്ടിച്ച സ്വർണത്തിന്റെ ചെറിയൊരു പങ്ക് ഇയാൾ ഭാര്യയ്‌ക്ക് നൽകിയിരുന്നു. ജിനേഷ് പിടിയിലായതോടെ ഭാര്യ ഒളിവിൽ പോയി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നോവ കാർ പൊലീസ് പിടിച്ചെടുത്തു. മോഷണ മുതൽ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയ്‌ക്ക് നൽകിയ സ്വർണം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹിൽപാലസ് പൊലീസ്.
Leave a Comment