കാൺപൂർ: ഉത്തർപ്രദേശിൽ കാൻവർ യാത്രയ്‌ക്കിടെ ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. മുസാഫർനഗർ ജില്ലയിലെ പുർകാസിയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതിയായ ഉസ്മാൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ നിന്നുള്ള വനിതാ തീർത്ഥാടകയായ മുസ്‌കാൻ വിശ്രമിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. അവർ 31 ലിറ്റർ പുണ്യഗംഗാ ജലവും സഹോദരൻ അൻഷുൽ ശർമ്മ 101 ലിറ്റർ കൻവറും കൈവശം വച്ചിരുന്നു. ഹരിദ്വാറിൽ നിന്ന് മറ്റ് തീർത്ഥാടകർക്കൊപ്പം കാൽനടയായി മടങ്ങുകയായിരുന്ന ഇവർ പുർകാസിയിൽ എത്തിയപ്പോഴാണ് സംഭവം.
ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ടെന്നും അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) സത്യനാരായണ പ്രജാപത് പറഞ്ഞു. മുസ്കാന് തീർത്ഥയാത്ര തുടരുന്നതിനായി ഹരിദ്വാറിൽ നിന്ന് ഒരു പുതിയ കാൻവർ (പവിത്രജലം) പോലീസ് ഒരുക്കി നൽകിയിട്ടുണ്ട്. യാത്ര എല്ലാ വർഷവും നടക്കുന്ന തീർത്ഥയാത്രയാണ്. ഭക്തർ ഗംഗാ നദിയിൽ നിന്ന് വെള്ളം ശേഖരിച്ച് ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നു. കാൽനടയായി ദീർഘദൂരം യാത്ര ചെയ്യേണ്ടതിനാൽ വഴികളിൽ പൊലീസ് കർശനമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.