ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് എൻഐഎ. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു, ഗുണ്ടാസംഘം ഗോൾഡി ബ്രാർ എന്നിവരുടെ രാജ്യവിരുദ്ധ വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് എൻഐഎയുടെ പുതിയ നീക്കം.
പ്രകോപനപരവും ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തുകയാണെന്ന് എൻഐഎ അറിയിച്ചു. രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ രഹസ്യമായി നിരീക്ഷിക്കുകയും അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്യും.
വിദേശത്ത് നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്നവയും നിരീക്ഷിക്കും. ഇന്ത്യയ്‌ക്ക് പുറത്തുനിന്ന് ഇത്തരം പോസ്റ്റുകൾ പങ്കുവക്കുന്നവരെ മാത്രമല്ല, അത് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ പ്രചരിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എൻഐഎ അറിയിച്ചു.
വിഷയത്തിൽ ആഭ്യന്തരമന്ത്രാലയം, നിയമനീതി മന്ത്രാലയം, ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു.















