നയർതാര ബിയോണ്ട് ദി ഫെയ്റിടെയ്ൽ എന്ന ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ. ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ചന്ദ്രമുഖി സിനിമയുടെ പകർപ്പവകാശം കൈവശമുള്ള എപി ഇന്റർ നാഷണലാണ് ഹർജി നൽകിയിരിക്കുന്നത്.
വിഷയം ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് തന്നെ ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കൾ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും കൃത്യമായ നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് അവർ കോടതിയെ സമീപിച്ചത്.
സിനിമയിലെ ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ഡോക്യുമെന്ററിയിൽ നിന്ന് ലഭിച്ച വരുമാനം വ്യക്തമാക്കുകയും വേണമെന്നും ഹർജിയിൽ പറയുന്നു. നിർമാതാക്കളായ ടാർക് സ്റ്റുഡിയോസിനും അതിന്റെ വിതരണക്കാരായ നെറ്റ്ഫ്ലിക്സിനും കോടതി നോട്ടീസ് അയച്ചു.
സമാന കേസുമായി ബന്ധപ്പെട്ട് നടനും നിർമാതാവുമായ ധനുഷും നയൻതാരയ്ക്കെതിരെ രംഗത്തുവന്നിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നതാണ് ആരോപണം.















