ന്യൂഡെല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം ഇന്ത്യയും അമേരിക്കയും ഒരു പരിമിത വ്യാപാര കരാറില്‍ ഒപ്പിടും. താല്‍ക്കാലിക കരാര്‍ ഒപ്പിടാന്‍ ധാരണയായതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സൂചന നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ പ്രഖ്യാപനം ഏതാനും മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയേക്കും.
കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല വ്യാപാര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവെയ്പ്പായിട്ടാണ് ഹ്രസ്വകാല കരാര്‍ വിലയിരുത്തപ്പെടുന്നത്. പരിമിത കരാര്‍ തിരഞ്ഞെടുത്ത മേഖലകളെ ഉള്‍ക്കൊള്ളുമെന്നും ഭാവിയില്‍ വിശാലമായ വ്യാപാര ഉടമ്പടിക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
താരിഫ് നടപ്പാക്കുന്നത് നീട്ടി യുഎസ്
ചര്‍ച്ചകളിലെ പുരോഗതി സൂചിപ്പിച്ച് ഇന്ത്യക്ക് മേല്‍ ചുമത്തിയ പരസ്പര താരിഫുകള്‍ മരവിപ്പിച്ച നടപടി ഓഗസ്റ്റ് 1 വരെ യുഎസ് നീട്ടി. സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ നടപടി. ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര താരിഫ് ചുമത്തുമെന്ന് സ്ഥിരീകരിക്കുന്ന ട്രംപിന്റെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാണ് ഈ രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ബാധകമാവുക.
വിട്ടുവീഴ്ചയില്ലെന്ന് പിയൂഷ് ഗോയല്‍
വ്യാപാര ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോല്‍പ്പാദന മേഖലയില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മോദി സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ വഴിമുട്ടിയ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.
‘ഏത് രാജ്യവുമായും എന്ത് സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കിയാലും അത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും…ഇന്ന് ലോകം ഇന്ത്യയെ വ്യാപാരവ്യവസായ മേഖലകളില്‍ വിശ്വസനീയമായ പങ്കാളിയായാണ് കാണുന്നത്. ഇന്ത്യയും ഇന്ത്യക്കാരും സത്യസന്ധമായാണ് ബിസിനസ്സ് ചെയ്യുന്നതെന്ന് ആളുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ഇന്ത്യയുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ലോകം ആഗ്രഹിക്കുന്നത്,’ ഗോയല്‍ വ്യക്തമാക്കി.