ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്. വര്‍ഷങ്ങളായി ശതകോടീശ്വര പട്ടികയില്‍ രാജപ്രൗഢിയോടെ വാണിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ 12 ാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്. 124 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്. 137 ബില്യണ്‍ ഡോളറുമായി 11 ാം സ്ഥാനത്തുള്ള മൈക്കല്‍ ഡെല്ലിനും 172 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്തുള്ള മുന്‍ മൈക്രോസോഫ്റ്റ് സഹപ്രവര്‍ത്തകനായ സ്റ്റീവ് ബാല്‍മറിനും പിന്നിലാണ് അദ്ദേഹം ഇപ്പോള്‍.
ബിസിനസ് മോശമായതു കൊണ്ടോ ആസ്തി ഇടിഞ്ഞതു കൊണ്ടോ അല്ല ഗേറ്റ്‌സ് പട്ടികയില്‍ പിന്തള്ളപ്പെട്ടിരിക്കുന്നത്. തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനുള്ള തീരുമാനമാണ് ഇതിന് പിന്നില്‍. ഇത് പ്രകാരം ബ്ലൂംബെര്‍ഗ് അദ്ദേഹത്തിന്റെ ആസ്തികള്‍ പുനക്രമീകരിക്കുകയായിരുന്നു. തല്‍ഫലമായി, ഗേറ്റ്‌സിന്റെ സമ്പത്തില്‍ ഏകദേശം 52 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗേറ്റ്‌സ് ബ്ലൂംബെര്‍ഗ് ബില്യണര്‍ ഇന്‍ഡക്‌സിന്റെ ടോപ് ടെന്നില്‍ നിന്ന് പുറത്തായത് അങ്ങനെയാണ്.
ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡയും ഗേറ്റ്‌സ് ഫൗണ്ടേഷന് 60 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്. 2045 ഓടെ 200 ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിക്കുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ ഫൗണ്ടേഷന്‍ അറിയിച്ചു. അതിനുശേഷം 25 വര്‍ഷം നീണ്ട പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ക്ഷീണിച്ചെങ്കിലും ഒന്നാമന്‍ മസ്‌ക് തന്നെ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിരന്തരം ഉരസുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്‌കാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഒന്നാമത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌കിന്റെ ആസ്തി 346 ബില്യണ്‍ ഡോളറാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 253 ബില്യണ്‍ ഡോളറുമായി രണ്ടാമതുണ്ട്. 248 ബില്യണ്‍ ഡോളറുമായി ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍ മൂന്നാമത്. 244 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് നാലാം സ്ഥാനത്തുണ്ട്. ഗേറ്റ്‌സിന്റെ കീഴില്‍ മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന സ്റ്റീവ് ബാല്‍മര്‍ 172 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്. ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജും (160 ബില്യണ്‍ ഡോളര്‍), സെര്‍ജി ബ്രിനും (150 ബില്യണ്‍ ഡോളര്‍) ആറും എട്ടും സ്ഥാനങ്ങളിലുണ്ട്. ആദ്യ പത്തിലെ ഏക ഫ്രഞ്ച് പൗരനായ ബെര്‍ണാഡ് അര്‍നോള്‍ട്ട് 157 ബില്യണ്‍ ഡോളറുമായി ഏഴാം സ്ഥാനത്ത്. പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റ് 144 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്‍പതാം സ്ഥാനത്തുണ്ട്.എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് പത്താം സ്ഥാനത്തും.
ഇന്ത്യക്കാരില്‍ ഒന്നാമന്‍ അംബാനി
112 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ 16 ാം സ്ഥാനത്തുണ്ട്. ടോപ് റാങ്കുള്ള ഇന്ത്യക്കാരനും അംബാനിയാണ്. ഒരു കാലത്ത് അംബാനിയെ ആസ്തിയില്‍ പിന്നിലാക്കിയ ഗൗതം അദാനി 84.2 ബില്യണ്‍ ഡോളറുമായി 20 ാം റാങ്കിലെത്തി. ഐടി കമ്പനി എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 40 ബില്യണ്‍ ഡോളറുമായി 44 ാം സ്ഥാനത്തുണ്ട്.