ന്യൂഡൽഹി: സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി, തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന. ഐഎൻഎസ് കവരത്തിയിൽ നിന്ന് എക്സ്റ്റെൻഡഡ് റേഞ്ച് ആന്റി-സബ്മറൈൻ റോക്കറ്റിന്റെ (ERASR) പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നാവികസേനയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. റോക്കറ്റ് ഉടൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 23 നും ജൂലൈ 7 നും ഇടയിലാണ് പരീക്ഷണങ്ങൾ നടന്നത്. പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാശ്രയത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു തദ്ദേശീയ വികസനമാണ് ERASR.
പൂനെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ആർമമെന്റ് റിസർച്ച് & ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എആർഡിഇ), ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, നേവൽ സയൻസ് & ടെക്‌നോളജിക്കൽ ലബോറട്ടറി എന്നിവയുമായി സഹകരിച്ചാണ് ERASR വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഇരട്ട-റോക്കറ്റ് മോട്ടോർ കോൺഫിഗറേഷനാണ് ഈ അന്തർവാഹിനി വിരുദ്ധ റോക്കറ്റിന്റെ സവിശേഷത, ഇത് ഉയർന്ന കൃത്യതയോടും സ്ഥിരതയോടും കൂടി പ്രവർത്തിക്കുന്നു. ERASR തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രോണിക് ടൈം ഫ്യൂസ് ഉപയോഗിക്കുന്നു, ഇത് അതിന്റെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കും.
ERASR റോക്കറ്റുകളുടെ നിർമ്മാണത്തിൽ പങ്കാളിത്തത്തിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായും നാഗ്പൂരിലെ സോളാർ ഡിഫൻസ് & എയ്‌റോസ്‌പേസ് ലിമിറ്റഡുമായും സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
“ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിനും അതിന്റെ തന്ത്രപരമായ പ്രതിരോധ സംരംഭങ്ങൾക്കും ഒരു ഉത്തേജനമായി ഈ പരീക്ഷണം കാണുന്നു. ഇത് ഭാവിയിലെ നൂതനാശയങ്ങൾക്ക് വഴിയൊരുക്കും,” പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ERASR ന്റെ വികസനത്തിലും പരീക്ഷണങ്ങളിലും DRDO, നാവികസേന, വ്യവസായ പങ്കാളികൾ എന്നിവരുടെ ശ്രമങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഈ സംവിധാനത്തിന്റെ പരീക്ഷണ വിജയം നാവികസേനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തദ്ദേശീയ പ്രതിരോധ ഉൽപാദനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.