കോട്ടയം: ഭീകരവാദ പ്രവർത്തനത്തിന് ലഷ്കർ ഭീകരൻ തടിയൻ്റവിട നസീറിന് ജയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചുവെന്ന എൻഐഎ കണ്ടെത്തലിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ. ഹരി. രാജ്യാന്തര ഭീകരശ്യംഖലയുടെ വേരുകൾ ജയിൽ സുരക്ഷയിലും പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് എൻ. ഹരി പറഞ്ഞു.
“2008 ബാംഗ്ലൂർ സ്ഫോടനക്കേസിൽ ബെംഗളൂരു ജയിലിലുള്ള തടിയന്റവിട നസീറിന് മൊബൈൽ ഫോൺ എത്തിച്ച കേസിൽ ജയിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. രാജ്യത്ത് വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നെന്നും എൻഐഎ കണ്ടെത്തി. രാജ്യത്തെ നടുക്കിയ ബാംഗ്ലൂർ, കോയമ്പത്തൂർ, അഹമ്മദാബാദ് സ്ഫോടന കേസുകളിലും മലയാളികളായ ഭീകര പ്രവർത്തകർ വിവിധ ജയിലുകളിലായി കഴിക്കുന്നുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിക്കുന്ന ചില ഘടകങ്ങൾ കേരളത്തിലുണ്ട് എന്നത് പല റിപ്പോർട്ടുകളിലും പുറത്തുവന്നു.
നസീറുമായി ബന്ധമുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് പേർ കേരളത്തിൽ വിലസുന്നുണ്ട്. പൊലീസിൽ ഈ വിഭാഗങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്ന് കണ്ടെത്തിയാലും പേരിന് നടപടിയെടുക്കുകയാണ് കേരളത്തിലെ സർക്കാരുകൾ ചെയ്തുവരുന്നത്. തൽക്കാലത്തേക്ക് മറ്റേതെങ്കിലും തസ്തികയിലേക്ക് സ്ഥലം മാറ്റും. നടപടി അവിടെ തീരും. മാറിമാറി വരുന്ന സർക്കാരുകളുടെ പൂർണ പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് കേരളം തീവ്രവാദ പ്രസ്ഥാനങ്ങളുടെ വിളഭൂമിയായി മാറുന്നത്.
തീവ്രവാദത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്. ബാംഗ്ലൂരും കേരളവുമായി ഉള്ള സാമീപ്യവും കണക്ടിവിറ്റിയും എടുത്തു പറയേണ്ടതാണ്. നസീർ പിടിയിലാവും മുമ്പ് കുറച്ചു മാസങ്ങൾ ഈരാറ്റുപേട്ടയിൽ താമസിച്ചിരുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഈരാറ്റുപേട്ട ദേശവിരുദ്ധ ശക്തികളുടെ താവളമായി മാറുന്നു എന്ന് വാഗമൺ ക്യാമ്പ് മുതൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആദ്യ ക്യാമ്പുകളും പരിശീലനവും നടന്നത് ഈരാറ്റുപേട്ടയിൽ ആയിരുന്നു എന്നത് തന്നെ ഇത്തരം ശക്തികളുടെ കേരളബന്ധം വെളിപ്പെടുത്തുന്നതാണ്.
ഈരാറ്റുപേട്ട പ്രശ്നബാധിത സ്ഥലമാണെന്നും ഇവിടെ പൊലീസ് സാന്നിധ്യം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ട് നൽകിയ ജില്ലാ പൊലീസ് മേധാവിയെ സ്ഥലം മാറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. സർക്കാരിന്റെ മനോഭാവത്തിന്റെ ഉദാഹരണം കൂടിയായി ഇതിനെ കാണാവുന്നതാണ്. കേരളത്തിലെ പൊലീസ് ആസ്ഥാനത്ത് ഐഎസ് സ്ലീപ്പർ സെൽ ഉണ്ടെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നിട്ടും കാര്യമായ നടപടി ഒന്നും എടുത്തിട്ടില്ല.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജയിലുകളിലുളള ക്രിമിനൽ സംഘങ്ങൾക്ക് മൊബൈൽ ഫോണും ഇതര സഹായങ്ങളും ലഭിക്കുന്നതും സംസ്ഥാനതല അന്വേഷണ സംഘങ്ങൾ പരിശോധിക്കേണ്ടതാണ്.
രാജ്യാന്തര ജിഹാദ് സംഘങ്ങളും കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായുള്ള കൂട്ടുകെട്ട് ഉണ്ടോയെന്ന് സംശയിക്കണം. കണ്ണൂരിൽ തടിയൻ്റ വിട നസീറുമായി അടുത്ത ബന്ധമുള്ള ഗുണ്ടയെ രണ്ടുവർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ജയിൽ കുറ്റവാളികളും ഗുണ്ടാസംഘങ്ങളും ചേർന്ന് ജയിലിന്റെ സുരക്ഷയിൽ വിധ്വംസക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു എന്നതാണ് ബാംഗ്ലൂർ സംഭവത്തിലൂടെ തെളിയുന്നത്.
കേരളത്തിലെ കണ്ണൂർ മലബാർ മേഖലകളിലുള്ള ജയിലുകളിൽ സമാന സാഹചര്യം നിലവിലുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം. ഇക്കാര്യത്തിൽ വളരെ ഗൗരവപൂർവമായ സമീപനമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാവേണ്ടത്. രാജ്യസുരക്ഷയ്‌ക്ക് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു പരിശോധന അനിവാര്യമാണെന്നും” അദ്ദേഹം പറഞ്ഞു.