പാകിസ്താനിൽ പ്രശസ്ത സിനിമ നടിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 32 കാരി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കറാച്ചിയിലെ ഡിഫൻസ് ഹൗസിംഗ് അതോറിറ്റിയുടെ അപ്പാർട്ട്മെന്റിലാണ് നടി വാടകയ്‌ക്ക് താമസിച്ചിരുന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്.
പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരം അപ്പാർട്ട്മെന്റ് ഒഴിപ്പിക്കാൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി. തുടർന്ന് നടത്തിയ പരിശോധയിലാണ് മൃതദേഹം കണ്ടെടുത്തത്. 2024 മുതൽ നടി വാടക നൽകിയിരുന്നില്ല. തുടർന്ന് വീട് ഒഴിയാൻ കോടതി ഉത്തരവിട്ടിരുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ഡിഐജി സയ്യിദ് അസദ് റാസ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മരണകാരണം കണ്ടെത്താനായില്ല. നിയമനടപടികൾക്കായി മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിഐജി കൂട്ടിച്ചേർത്തു.