വാഷിംഗ്ടൺ: സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് യുഎസ്. സ്പേസ് എക്സുമായി സഹകരിച്ചുള്ള ഹൈപ്പർസോണിക് റോക്കറ്റ് പരീക്ഷണ പദ്ധതി റദ്ദാക്കിയതായി യുഎസ് വ്യോമസേന അറിയിച്ചു. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോൺസ്റ്റൺ അറ്റോളിയിൽ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങൾ തീരുമാനിച്ചത്. എന്നാൽ പ്രഡിഡന്റ് ഡോണൾഡ് ട്രംപും മസ്കും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് റദ്ദാക്കലെന്നാണ് വിവരം. റോക്കറ്റ് പരീക്ഷണത്തിനായി മറ്റ് കേന്ദ്രങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
അടുത്തിടെ ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ‘അമേരിക്ക പാർട്ടി’ എന്നാണ് മസ്കിന്റെ പുതിയ പാർട്ടിയുടെ പേര്. ട്രംപുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം. എക്സിലൂടെയാണ് മസ്ക് പാർട്ടി പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യം തിരികെ കൊണ്ടുവരുന്നതിനാണ് പാർട്ടി രൂപീകരിച്ചതെന്ന് മസ്ക് എക്സിൽ കുറിച്ചു.
മസ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി ട്രംപും രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വർഷമായി മസ്ക് സമനില തെറ്റിയവരെ പോലെയാണ് പെരുമാറുന്നതെന്നും അമേരിക്കയിൽ മൂന്നാം രാഷ്‌ട്രീയ പാർട്ടി ആരംഭിക്കാൻ വരെ മസ്ക് ആഗ്രഹിക്കുന്നുണ്ട്. അവർക്ക് തടസങ്ങളും കുഴപ്പങ്ങളും മാത്രമേ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഇത് അവർക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും ട്രംപ് പരിഹസിച്ചു.