ആലപ്പുഴ: ചെന്നിത്തലയിൽ അഞ്ച് വയസുകാരനെ ക്രൂര മർദ്ദിച്ച അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മർദ്ദനമേറ്റ പാടുകളുണ്ട്. അമ്മ സ്കെയിൽ കൊണ്ട് മർദ്ദിച്ചതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തു.
സ്കെയിൽ വച്ച് അമ്മ അടിച്ചതാണെന്നും തല്ലുമ്പോൾ വെറുതെ ഇരുന്ന് കരയുമെന്നും ദൈന്യതയാർന്ന മുഖത്തോടെ അഞ്ച് വയസുകാരൻ പറഞ്ഞു. അമ്മുമ്മ ഞെക്കിയതിന്റെയും മാന്തിയതിന്റെയും മുറിവും കുട്ടിയുടെ കഴുത്തിലുണ്ട്.
ഇതാദ്യമായല്ല കുഞ്ഞിന് മർദ്ദനമേൽക്കുന്നത്. ചേർത്തലയിൽ അമ്മയുടെ ആൺസുഹൃത്തിനൊപ്പമാണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് 28 ന് അമ്മയുടെ ആൺസുഹൃത്ത് കുഞ്ഞിനെ മർദ്ദിച്ചിരുന്നു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.
ലോട്ടറി വിൽപ്പനകാരിയാണ് കുഞ്ഞിന്റെ അമ്മ. കോടതി കവലയിലുള്ള ഹോട്ടലിൽ ഇരുത്തിയാണ് ഇവർ ജോലിക്ക് പോകാറുള്ളത്. മർദ്ദനമേറ്റ പാടുകളോടെ കുഞ്ഞ് ഹോട്ടലിൽ ഇരിക്കുന്നത് കുട്ടി പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടന്ന് അദ്ദേഹം കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമ്മയും അമ്മൂമ്മയെയും കസ്റ്റഡിയിലെടുത്തു.















