ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി. 13 പാക് വ്യോമതാവളങ്ങൾ ആക്രമിച്ചു. പാകിസ്ഥാനിലെ ഒമ്പത് ഭീകരവാദകേന്ദ്രങ്ങളാണ് തകർത്തെറിഞ്ഞത്. ഇന്ത്യയ്‌ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും അജിത് ഡോവൽ വ്യക്തമാക്കി.
പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ കൃത്യമായി ലക്ഷ്യംവച്ചു. 23 മിനിറ്റ് മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന് വേണ്ടി എടുത്തത്. ഇന്ത്യയ്‌ക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല. ആരൊക്കെ എവിടെയൊക്കെയാണ് എന്നതിനെ കുറിച്ച് കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു.
ഇന്ത്യൻ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിദേശമാദ്ധ്യമങ്ങളുടെ റിപ്പോർട്ടിംഗിനെയും അജിത് ഡോവൽ വിമർശിച്ചു. പാകിസ്ഥാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നാണ് മാദ്ധ്യമങ്ങൾ പറഞ്ഞിരുന്നത്. ഇന്ത്യയിൽ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ തെളിവ് നിരത്തണമെന്നും അജിത് ഡോവൽ ആവർത്തിച്ചു
ഇന്ത്യയിൽ എവിടെയെങ്കിലും ഒരു ഗ്ലാസ് പാളിയെങ്കിലും തകർന്നിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു ചിത്രം നിങ്ങൾ കാണിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.