ന്യൂഡൽഹി: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് അമിതമായതിനാൽ മകളെ പിതാവ് കൊലപ്പെടുത്തി എന്നതായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിൽ വ്യക്തത വരുത്തുകയാണ് പൊലീസ്. മകളുടെ വരുമാനത്തിൽ ജീവിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും സുഹൃത്തുക്കളും പരിഹസിച്ചതിന്റെ വൈരാഗ്യത്തിലാണ് പിതാവ് കൊലപാതകം നടത്തിയത്.
മകളുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതി ദീപക് യാദവിനെ നിരന്തരം പരിഹസിക്കുമായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. നാട്ടുകാരുടെ പരിഹാസം കാരണം താൻ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തേണ്ടി വന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി രാധിക യാദവ് ഒരു ടെന്നീസ് അക്കാദമി തുടങ്ങിയിരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് രാധികയും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ പ്രത്യേകിച്ച് ഒരു സ്ഥിരജോലിയില്ലാത്തെ പിതാവിന് ഇത് അപമാനമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. അക്കാദമി അടച്ചുപൂട്ടാൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും രാധിക സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവം നടക്കുമ്പോൾ രാധികയും മാതാവ് മഞ്ജുവും പിതാവും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഹരിയാന ഗുരുഗ്രാമിലായിരുന്നു സംഭവം. അടുക്കളയിൽ ആഹാരം പാകം ചെയ്തുകൊണ്ടിരുന്ന രാധിക യാദവിനെ പ്രതി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ച് തവണയാണ് പെൺകുട്ടിക്ക് നേരെ ഇയാൾ വെടിയുതിർത്തത്.















