തൊടുപുഴ: ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ യു ഡി എഫ്- എൽ ഡി എഫ് ഹര്‍ത്താല്‍ . ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യു ഡി എഫ് നാളെ ഹര്‍ത്താലിനാഹ്വാനം ചെയ്തത്. വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ദേശീയപാത നിര്‍മ്മാണ നിരോധനത്തേ തുടര്‍ന്നാണ് ഹര്‍ത്താല്‍. ഇതേ വിഷയത്തില്‍ എല്‍ ഡി എഫും അടിമാലി പഞ്ചായത്തില്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയപാത 85ന്റെ നിര്‍മ്മാണം നിറുത്തിവയ്‌ക്കാന്‍ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.
ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചുു. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.















