ന്യൂഡൽഹി: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. പെന്റഗൺ വക്താവ് ഷോൺ പാർനെൽ നാശനഷ്ടം സ്ഥിരീകരിച്ചു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ, കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം. വ്യോമതാവളത്തിൽ ആശയവിനിമയത്തിന് വേണ്ടി ഉപയോഗിക്കുന്ന ജിയോഡെസിക് ഡോമിന് തകരാർ സംഭവിച്ചിട്ടുണ്ട്. ഉപഗ്രഹദൃശ്യങ്ങളുടെയും ഔദ്യോഗിക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.
ആക്രമിക്കപ്പെട്ട അൽ ഉദൈദ് പൂർണമായും പ്രവർത്തനക്ഷമമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ബേസിലെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ- ഇസ്രയേൽ സംഘർഷങ്ങൾക്കിടെ ഇസ്രയേലിനെ പിന്തുണച്ച് യുഎസ് രംഗത്തെത്തുകയും ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ മറുപടിയായാണ് യുഎസ് വ്യോമതാവളം ലക്ഷമിട്ട് ഇറാൻ മിസൈൽ തൊടുത്തത്.