ചെന്നൈ: രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നെഞ്ചിലേറ്റി ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ചെന്നൈ സ്വദേശിയായ യുവതി. ദന്ത ഡോക്ടറായ ഇസ ഫാത്തിമ ജാസ്മിനാണ് സാരിയുടുത്ത് കിളിമഞ്ചാരോ കൊടുമുടി കയറിയത്.
ആറ് ദിവസത്തെ ട്രക്കിംഗിന് ശേഷമാണ് ഇസ കൊടുമുടിയുടെ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ആദ്യ ഘട്ടത്തിൽ യാത്രയ്‌ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചെങ്കിലും പിന്നീട് സാരിയിലേക്ക് മാറുകയായിരുന്നു. മൈനസ് 14 ഡിഗ്രി സെൽഷ്യസിലും സാരിയും ബൂട്ടും ധരിച്ച് കൊടുമുടിയുടെ മുകളിൽ നിൽക്കുന്ന ഇസയുടെ ചിത്രങ്ങൾ പുറത്തുവന്നു.
നമ്മുടെ രാജ്യത്തുള്ള എല്ലാവരെയും തന്നോടൊപ്പം കൊണ്ടുപോകുന്നതിന് വേണ്ടിയാണ് താൻ സാരി ധരിച്ചതെന്ന് ഇസ കുറിച്ചു. പർവതാരോഹകയെ മാത്രമല്ല, നമ്മുടെ പാരമ്പര്യത്തെയും എല്ലാ സ്ത്രീകളെയും താൻ കൊണ്ടുവന്നുവെന്നും ഇസ പറയുന്നു.















