ന്യൂഡെല്‍ഹി: ആപ്പിളിന്റെ കരാര്‍ നിര്‍മാണക്കാരായ ഫോക്‌സ്‌കോണ്‍, ഐഫോണ്‍ 17 ന്റെ അസംബ്ലിംഗിനായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഫോണിന്റെ പരീക്ഷണ ഉല്‍പ്പാദനത്തിനായുള്ള ഘടകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഡിസ്‌പ്ലേ അസംബ്ലികള്‍, കവര്‍ ഗ്ലാസ്, മെക്കാനിക്കല്‍ ഹൗസിംഗുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ കഴിഞ്ഞ മാസം രാജ്യത്ത് എത്തിത്തുടങ്ങിയതായി കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.
ജൂണ്‍ മാസത്തില്‍ ഫോക്‌സ്‌കോണ്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഘടകങ്ങളുടെ 10% ഐഫോണ്‍ 17നുള്ളവയാണ്. ഇറക്കുമതി ചെയ്ത ഘടകങ്ങളില്‍ ഭൂരിഭാഗവും ഐഫോണ്‍ 16, ഐഫോണ്‍ 14 വേരിയന്റുകള്‍ക്കുള്ളവയായിരുന്നു. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണിലെ വില്‍പ്പനയ്‌ക്കുള്ള ഫോണുകള്‍ നിര്‍മിക്കാനാണ് ഇത്.
ഐഫോണ്‍ 17 നിര്‍മാണം ഓഗസ്റ്റില്‍
സെപ്റ്റംബറിലാണ് ഐഫോണ്‍ 17ന്റെ ലോഞ്ച് ആപ്പിള്‍ നടത്തുക. ഇതിന് മുന്നോടിയായി ഓഗസ്റ്റില്‍ ചൈന്‌ക്കൊപ്പം ഇന്ത്യയിലും വന്‍തോതിലുള്ള ഉല്‍പ്പാദനം നടത്താനാണ് ഫോക്‌സ്‌കോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനിയുടെ ചൈനക്ക് പുറത്തുള്ള തന്ത്രപ്രധാനമായ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നതിന്റെ സൂചനയാണിത്.
കയറ്റുമതി 219% ഉയര്‍ന്നു
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനക്ക് മേല്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫ് മറികടക്കുകയെന്ന ലക്ഷ്യവും ഇന്ത്യയിലെ ഉല്‍പ്പാദനത്തിലൂടെ ആപ്പിളിനുണ്ട്. 2026 ഓടെ യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളുടെ ഉറവിടം പൂര്‍ണ്ണമായും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് പദ്ധതി. ഇപ്പോള്‍ തന്നെ മാറ്റങ്ങള്‍ ദൃശ്യമാണ്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി മാര്‍ച്ചില്‍ 219% വര്‍ദ്ധിച്ചെന്ന് എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.
ചൈന പ്ലസ് വണ്‍ എന്ന സ്ട്രാറ്റജിയാണ് ഇന്ത്യയെ കേന്ദ്രീകരിച്ച് ആപ്പിള്‍ നടപ്പാക്കുന്നത്. ചൈനയിലെയും ഇന്ത്യയിലെയും ഐഫോണ്‍ ഉല്‍പ്പാദനത്തിലെ അന്തരം ആപ്പിള്‍ ക്രമേണ കുറച്ചു കൊണ്ടുവരികയാണ്. ഐഫോണ്‍ 14 അസംബ്ലി ചൈനയില്‍ ആരംഭിച്ച് ആറാഴ്ച കഴിഞ്ഞാണ് ഇന്ത്യയില്‍ തുടങ്ങിയത്. എന്നാല്‍ ഐഫോണ്‍ 15 ന്റെ നിര്‍മ്മാണം രണ്ട് രാജ്യങ്ങളിലും ഏതാണ്ട് ഒരേസമയം തന്നെ ആരംഭിച്ചു. ഇപ്പോള്‍ ആപ്പിള്‍ 17 ഉല്‍പ്പാദനം ഇരു രാജ്യങ്ങളിലും ഒരുമിച്ചു തുടങ്ങുകയാണ്.
ഇടങ്കോലിടാന്‍ ചൈന
ഇന്ത്യയില്‍ ഐഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് തടയാനും വേഗം കുറയ്‌ക്കാനുമുള്ള മാര്‍ഗങ്ങള്‍ ചൈനയും പരമാവധി പയറ്റുന്നുണ്ട്. ഫോക്‌സ്‌കോണിനായി ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന മുന്നൂറോളം ചൈനീസ് എന്‍ജിനീയര്‍മാരെ രണ്ടാഴ്ച മുന്‍പ് ബെയ്ജിംഗ് തിരികെ വിളിച്ചിരുന്നു. അസംബ്ലി ലൈനുകളിലും ഫാക്ടറി ഡിസൈനിലും ജോലി ചെയ്തിരുന്നവരെയും ഐഫോണ്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരെയുമാണ് കാരണം പറയാതെ പെട്ടെന്ന് തിരികെ വിളിച്ചത്.
ഈ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. ആപ്പിളും കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയുടെ സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ആപ്പിള്‍ ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടാനുള്ള സാഹചര്യമായാണ് കേന്ദ്രം ഇതിനെ കാണുന്നത്.