കേരളത്തിലെ സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സി സദാനന്ദൻ മാസ്റ്റർ. 1994 ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപം വെച്ചാണ് സിപിഐഎം ഗുണ്ടകൾ സദാനന്ദൻ മാസ്റ്ററുടെ രണ്ട് കാലുകളും വെട്ടി മാറ്റിയത്. 1994 ജനുവരി 25ന് രാത്രി 8 30 ഓടെ ആയിരുന്നു അദ്ദേഹത്തെ സിപിഎം കാപാലികർ പതിയിരുന്ന് ആക്രമിച്ചത്. അന്ന് അദ്ദേഹത്തിന് കേവലം 27 വയസ്സായിരുന്നു പ്രായം.
1994 ഫെബ്രുവരി ആറിന് നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ചില ബന്ധുവീടുകൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു മാസ്റ്റർ. ഇരുളിന്റെ മറവിൽ നിന്ന് പൊടുന്നനെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി വീണ ആ കാപാലിക സംഘം അദ്ദേഹത്തെ റോഡിലേക്ക് തള്ളിയിട്ടു. ആ ദൃശ്യം കണ്ടുകൊണ്ട് നിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞു. എന്നിട്ടായിരുന്നു മാർക്സിസ്റ്റുകാർ മാസ്റ്ററുടെ കാൽ വെട്ടി മാറ്റിയത്. തിരക്കേറിയ അങ്ങാടിയിൽ വെട്ടേറ്റു കിടന്ന മാസ്റ്ററെ ഒരാളും ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ അവിടെയുള്ള ജനങ്ങളെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് മാർക്സിസ്റ്റ് ഗുണ്ടാസംഘം മടങ്ങിയത്. കുറെ സമയം കഴിഞ്ഞ് എത്തിച്ചേർന്ന പോലീസുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാസംഘം മാസ്റ്ററുടെ ഇരുകാലുകളും വെട്ടികളയുമ്പോൾ അദ്ദേഹം ഒരു എൽ പി സ്കൂൾ അധ്യാപകനായിരുന്നു.
തികഞ്ഞ ഇടതുപക്ഷ പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് സദാനന്ദൻ മാസ്റ്റർ വരുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഒരു ഇടതുപക്ഷ അനുഭാവിയും ജേഷ്ഠ സഹോദരൻ സിപിഐഎം പ്രവർത്തകനുമായിരുന്നു.തന്റെ ബിരുദ പഠനകാലത്ത് അന്നത്തെ പല കേരളീയ യുവാക്കൾക്കും സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റ് ആശയ ലോകത്തേക്ക് സദാനന്ദൻ മാസ്റ്ററും വഴിതെറ്റി എത്തിയിരുന്നു. എന്നാൽ ആ സമയത്തും ഭാരതത്തിനു ചേർന്നത് ആർഎസ്എസിന്റെ സാംസ്കാരിക ദേശീയതയാണ് എന്ന ഉറച്ച ബോധ്യം സദാനന്ദൻ മാസ്റ്റർക്ക് ഉണ്ടായിരുന്നു. എന്നാൽ ആ കാലത്ത് മഹാകവി അക്കിത്തിന്റെ ഭാരത ദർശനങ്ങൾ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചു. തുടർന്ന് ഭാരതീയമായ നിരവധി ദർശനങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി മാർക്സിസ്റ്റ് ആശയപരിസരം വിട്ട് ദേശീയതയുടെ പാതയിലേക്ക് അദ്ദേഹം വരികയായിരുന്നു.
തങ്ങളുടെ വഴിയിൽനിന്ന് മാറി സഞ്ചരിച്ച സദാനന്ദൻ മാസ്റ്റർ, തന്റെ ഉജ്ജ്വലമായ വ്യക്തിപ്രഭാവം കൊണ്ട് കൂത്തുപറമ്പ് മട്ടന്നൂർ പ്രദേശങ്ങളിൽ ദേശീയതയുടെ പക്ഷത്തേക്ക് ധാരാളം ആളുകളെ ആകർഷിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ ആക്രമിക്കുവാൻ സിപിഐഎം തയ്യാറായത്.
1999 മുതൽ തൃശ്ശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനായിരുന്നു സദാനന്ദൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ധർമ്മപത്നി റാണിയും അധ്യാപികയാണ്.നാഷണൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന ഭാരവാഹിയും ആ സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററും ആയിരുന്നു സദാനന്ദൻ മാസ്റ്റർ. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.പലതവണ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ സദാനന്ദൻ മാസ്റ്റർ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
സി സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയ സിപിഎം കാരായ എട്ടു പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ഫെബ്രുവരിയിൽ ശരി വച്ചിരുന്നു. കൃത്യം നടന്ന 31 വർഷത്തിനുശേഷമാണ് ഈ വിധി ഉണ്ടായത്.ഏഴുവർഷം കഠിനതടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഏഴുവർഷം തടവു ശിക്ഷ കുറഞ്ഞു പോയെന്നും കോടതി പറഞ്ഞു.രണ്ട് കാലുകളും ഛേദിക്കപ്പെട്ട സദാനന്ദൻ മാസ്റ്റർക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ചു നൽകേണ്ടത് ഉചിതമാണെന്നും കോടതി പറഞ്ഞിരുന്നു.