ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ ശ്രുതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഭർത്താവ് അംബരീഷ് ശ്രുതിയെ ആക്രമിച്ചത്. കുരുമുളക് സ്പ്രേ മുഖത്തെറിഞ്ഞായിരുന്നു ആക്രമണം. കുടുംബപ്രശ്നത്തെ തുടർന്ന് സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു ശ്രുതി. വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്.
അഭിപ്രായവ്യത്യാസങ്ങളെയും സാമ്പത്തിക പ്രശ്നങ്ങളെയും തുടർന്ന് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു ദമ്പതികൾ. ഭർത്താവിനെതിരെ ശ്രുതി പൊലീസിൽ പരാതി നൽകിയിരുന്നു. ജൂലൈ മൂന്നിന് ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഇതിന് തൊട്ടടുത്ത ദിവസമാണ് അംബരീഷിന്റെ പരാക്രമം.
ആക്രമണത്തിൽ ശ്രുതിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. തുടയിലും കഴുത്തിലും കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. തല ചുമരിൽ ഇടിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് നടി.
ഓട്ടോഡ്രൈവറായി ജോലിനോക്കുകയാണ് പ്രതി. 20 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്കിടയിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ശ്രീനഗറിലാണ് ഇവർ താമസിച്ചിരുന്നത്. പിന്നീട് കുടുംബകലഹങ്ങളെ തുടർന്ന് മാറിതാമസിക്കുകയായിരുന്നു.