ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുവ്യാപാരിയെ ആൾക്കൂട്ട ആക്രമണത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധവുമായിറങ്ങിയതോടെ സംഭവത്തിൽ പൊലീസ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. അനധികൃതമായി തോക്കുകൾ കൈവശം വച്ച രണ്ടുപേരും ഇതിൽ ഉൾപ്പെടുന്നു.
പഴയ ധാക്കയിലെ മിറ്റ്ഫോർഡ് ആശുപത്രിക്ക് മുന്നിൽ ആക്രിക്കച്ചവടക്കാരനായ ലാൽ ചന്ദ് സൊഹാഗിനെയാണ് അക്രമിസംഘം തല്ലിക്കൊന്നത്. വ്യാപാരിയെ അക്രമികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെതിരെ ജനരോഷം ആളിക്കത്തിയത്.
വ്യാപകമായി പ്രചരിച്ച വീഡിയോയിൽ ഒരുസംഘം അക്രമികൾ ചേർന്ന് ലാൽ ചന്ദിനെ കോൺക്രീറ്റ് സ്ലാബ് കഷ്ണങ്ങൾ ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകായും മരണം ഉറപ്പാക്കിയശേഷം അക്രമികൾ മൃതദേഹത്തിന്റെ മുകളിൽ കയറി നൃത്തം ചെയ്യുന്നുമുണ്ട്. സംഭവത്തിൽ തലസ്ഥാനത്തെ സർവകലാശാല കാമ്പസുകളിലെ വിദ്യാർത്ഥികൾ പ്രതിഷേധ റാലികൾ നടത്തി.
സ്വകാര്യ സർവകലാശാലകളായ ബിആർഎസി യൂണിവേഴ്സിറ്റി, എൻഎസ്‌യു, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി, സർക്കാർ നടത്തുന്ന ഈഡൻ കോളേജ് എന്നിവയിലെ വിദ്യാർത്ഥികൾ ശനിയാഴ്ച പ്രകടനങ്ങൾ നടത്തി. ധാക്ക സർവകലാശാലയും ജഗന്നാഥ് സർവകലാശാലയും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെ യൂത്ത് ഫ്രണ്ടിലെ ഒരു കൂട്ടം പ്രവർത്തകരാണ് സൊഹാഗിനെ കൊലപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ തിരിച്ചറിയാവുന്ന 19 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 20 ഓളം പേർക്കായും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ജൂണിൽ മാത്രം 444 ആൾക്കൂട്ട ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ കുറഞ്ഞത് 179 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്കെതിരെ ദിനംപ്രതി അക്രമസംഭവങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തുടർച്ചയായാണ് ഈ ആൾക്കൂട്ട കൊലപാതകവും.















