കൊരട്ടി: സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.
കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ ജോലി ചെയ്തുവരികയാണ് യുവാവ്. സ്ഥാപന അധികാരികൾ അറിയാതെ സെന്ററിൽ വരുന്ന രോഗികൾക്കും ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് വിവരം. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ അന്വേഷണം.
അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാൾ. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങളിലാണ് എംഡിഎംഎ വില്പന നടത്തിയിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇതിനായി കോഡു ഭാഷ ഉപയോഗിച്ചിരുന്നതായും വിവേക് മറ്റ് രാസലഹരിക്കേസുകളിലും പ്രതിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















