ന്യൂഡൽഹി: ബഹിരാകാശ നിലയത്തിൽ നിന്നും മടക്കയാത്രയ്‌ക്കൊരുങ്ങി ശുഭാംഷു ശുക്ലയും സംഘവും. ആക്സിയം 4 ദൗത്യം പൂർത്തിയാക്കി സംഘം ഡ്രാഗൺ പേടകത്തിലേക്ക് പ്രവേശിച്ചു. 4.30 ഓടെ പേടകം ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വേർപെടും. നാളെയായിരിക്കും ഭൂമിയിൽ തിരിച്ചെത്തുന്നത്. ശുഭാംഷുവിന്റെ മടങ്ങിവരവിനായി അഭിമാനത്തോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയാണ് കുടുംബവും ഭാരതീയരും.
18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ശുഭാംഷു ശുക്ലയും സംഘവും തിരികെ എത്തുന്നത്. കാലിഫോർണിയ തീരത്താണ് സംഘം ഇറങ്ങുക. ഒരു കുട്ടിയെ പോലെ ശുഭാംഷു ബഹിരാകാശനിലയത്തിൽ നിന്നുള്ള കാഴ്ചകൾ പങ്കുവക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. മകന് ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും രാജ്യത്തെ ജനങ്ങളോടും നന്ദി പറയുന്നു. ദൗത്യം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുകയാണ് അവൻ. ശുഭാംഷുവിനെ തിരികെ സ്വാഗതം ചെയ്യാൻ എല്ലാവരും തയാറെടുക്കുകയാണ്. ശുഭാംഷുവിനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.
ബഹിരാകാശത്ത് നിന്നുള്ള ഒരുപാട് വീഡിയോകൾ ശുഭാംഷു പങ്കുവച്ചു. എവിടെ ഉറങ്ങുന്നു, എന്ത് കഴിക്കുന്നു, എന്തൊക്കെ ജോലികൾ ചെയ്യുന്നു അങ്ങനെയെല്ലാം കാര്യങ്ങളും അവൻ ഞങ്ങൾക്ക് കാണിച്ചുതന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അതെന്നും കുടുംബം പ്രതികരിച്ചു.
60-ലധികം പരീക്ഷണങ്ങൾ പൂർത്തിയാക്കിയാണ് സംഘം തിരിക്കുന്നത്. നാളെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ കാലിഫോർണിയ തീരത്തെ പസഫിക് സമുദ്രത്തിൽ പേടകം പതിക്കും. 41 വർഷത്തിനിടെ ഐഎസ്എസിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനാണ് ശുഭാംഷു ശുക്ല.