ന്യൂഡൽഹി: 26 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മിസോറാമിൽ ബൈരാബി- സൈരാങ് റെയിൽവേ ലൈൻ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റെയിൽവേ ലൈൻ രാജ്യത്തിന് സമർപ്പിക്കുക. ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
51.38 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റെയിൽവേ ലൈൻ. 12.85 കിലോമീറ്റർ നീളമുള്ള 48 തുരങ്കങ്ങളും 55 പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 87 ചെറിയ പാലങ്ങളും അഞ്ച് റോഡ് മേൽപ്പാലങ്ങളുമുണ്ടാവും. ഒമ്പത് അണ്ടർ ബ്രിഡ്ജുകളും ഉൾപ്പെടുന്നുണ്ട്.
1999 സെപ്റ്റംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇടയ്‌ക്കിടയ്‌ക്ക് ഉണ്ടാകുന്ന മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് റെയിൽവേ ലൈനിന്റെ നിർമാണം പൂർത്തിയാക്കിയത്. 2014 നവംബറിനാണ് പ്രധാനമന്ത്രി റെയിൽവേ ലൈനിന് തറക്കല്ലിട്ടത്.
പ്രധാനമന്ത്രിയും മിസോറാം മുഖ്യമന്ത്രി ലാൽദുഹോമും കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ നഗരപദ്ധതികൾ, ദേശീയപാത നിർമാണങ്ങൾ, ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി എന്നിവയെ കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.















