തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്നും കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയിൽ. തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുനെൽവേലി സ്വദേശി വിപിൻരാജിനെ അറസ്റ്റ് ചെയ്തു.
ജൂലൈ ഒന്നിനാണ് മധ്യവയസ്കയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകുന്നത്. പള്ളികളിൽ പോകുന്ന ഇവർ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മടങ്ങിവരുന്നതാണ് പതിവ്. അതിനാൽ ആദ്യം ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ വർക്കലയിൽ എത്തിയതായി വിവരം ലഭിച്ചു. എന്നാൽ വർക്കലയിൽ നിന്നും എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെയാണ് തിരുനേൽവെലി പൊലീസിൽ നിന്നും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം സംബന്ധിച്ച വിവരം ലഭിക്കുന്നത്.
റോഡിലൂടെ നടന്നു പോകയായിരുന്നു സ്ത്രീയെ വിപിൻരാജ് ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടു പോയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിക്കുകയുമായിരുന്നു. നിലവിളിച്ചപ്പോൾ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. വിപിൻരാജും സ്ത്രീയും ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം നെയ്യാർ ഡാമിൽ എത്തിക്കുമെന്നാണ് വിവരം.