ന്യൂഡൽഹി: ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി തലസ്ഥാനത്തെ റിംഗ് റോഡുകളിൽ എലിവേറ്റഡ് കോറിഡോർ പദ്ധതി തയാറാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ 55 കിലോമീറ്റർ നീളമുള്ള ഇന്നർ റിംഗ് റോഡിലാണ് ഇടനാഴി നിർമിക്കാൻ പദ്ധതിയിടുന്നത്.
വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനും സമർപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. 6,000 കോടിയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഒരു കിലോമീറ്ററിന് 100 കോടി രൂപയാകുമെന്നാണ് വിലയിരുത്തൽ.
നിർമാണവേളയിൽ ഒരു തരത്തിലുള്ള തടസങ്ങളും ഉണ്ടാകാതെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പർവേഷ് വർമ പറഞ്ഞു. റിംഗ് റോഡുകൾക്ക് മുകളിലൂടെ മേൽപ്പാലം വരുന്നത് യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം പ്രദാനം ചെയ്യുന്നതോടൊപ്പം ഗതാഗത കുരുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഡൽഹിയിൽ ഗതാഗതം തിരിച്ചുവിടുന്നതിന് മാത്രമായാണ് റിംഗ് റോഡ് നിർമിച്ചത്. എന്നാൽ ഇന്ന് മൂന്ന് കോടിയിലധികം ആളുകൾ തലസ്ഥാനത്ത് താമസിക്കുന്നുണ്ട്. ഇതാണ് ഗതാഗത കുരുക്ക് വർദ്ധിക്കാൻ കാരണമായത്. വിവിധ ആവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർ മണിക്കൂറുകളോളമാണ് കുരുക്കിൽപെട്ട് കിടക്കുന്നത്. ഇവ ഒഴിവാക്കുന്നതിന് ഏറെ സഹായകമായിരിക്കും റിംഗ് റോഡുകളിലെ മേൽപ്പാലം.















