ഗാന്ധിനഗർ: ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ ഹാജരായ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ. സമദ് അബ്ദുൾ റഹ്മാൻ ഷാ എന്നയാൾക്കാണ് ഗുജറാത്ത് ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്.
ജസ്റ്റിസുമാരായ എ.എസ്. സുപേഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സമദിന്റെ പെരുമാറ്റത്തെ “അപമാനകരം” എന്ന് വിശേഷിപ്പിച്ച കോടതി ജയിൽ ശിക്ഷ പരിഗണനയിലുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ജൂലൈ 22 ന് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് കോടതി രജിസ്ട്രിയിൽ ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കാനാണ് ബെഞ്ചിന്റെ നിർദ്ദേശം. മുൻ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, ഇത്തരം സംഭവങ്ങൾ തടയുന്നതിൽ നിന്നും രജിസ്ട്രാർ (ഐടി) പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസമാണ് സമദ് അബ്ദുൾ റഹ്മാൻ ഷാ കോടതിയോട് അനാദരവ് കാണിക്കുന്ന രീതിയിൽ പെരുമാറിയത്. ഒത്തുതീർപ്പിനെത്തുടർന്ന് എഫ്‌ഐആർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വാദമായിരുന്നു കോടതിയിൽ നടന്നത്. ‘സമദ് ബാറ്ററി’ എന്ന പേരിലാണ് ഇയാൾ വെർച്വൽ കോടതിയിൽ ലോഗിൻ ചെയ്തത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ധരിച്ച് ടോയ്ലറ്റ് സീറ്റിൽ ഇരുന്നു കൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുത്തത്. അവസാനം ടോയ്ലറ്റിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ഇയാൾ തന്നെ കാണിക്കുകയും ചെയ്തു.