മുംബൈ: ടെസ്ലയുടെ ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. 4,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമാണ് ടെസ്ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് സെന്റർ എന്നറിയപ്പെടുന്ന ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമിന് പിന്നാലെ ന്യൂഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിമാസം 35 ലക്ഷം രൂപമാണ് ഷോറൂമിന്റെ വാടകയെന്നാണ് വിവരം. അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ ആദ്യമായി തുടങ്ങുന്ന സ്റ്റോറാണിത്. ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്ത മോഡൽ വൈ ഇലക്ട്രിക് എസ് യുവിയുമായാണ് ടെസ്ല എത്തുക. ചൈനയിൽ വിൽത്തുന്നതിന്റെ ഇരട്ടിവിലയാണ് ഇന്ത്യയിൽ എന്നതും ശ്രദ്ധേയമാണ്. വൈ എസ് യുവിയുടെ ഏറ്റവും കുറഞ്ഞ വില 60 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. 500 കിലോമീറ്റർ റേഞ്ചുള്ള മോഡലാണ് 60 ലക്ഷം രൂപയ്‌ക്ക് നൽകുന്നത്.
622 കിലോമീറ്റർ റേഞ്ചുള്ള ഇ- കാറിന് 70 ലക്ഷം രൂപയാണ് വില. വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി നികുതി വളരെ ഉയര്‍ന്നതിനാലായാണ് വിൽപ്പനയും കൂടുന്നത്.
ഉദ്ഘാടനത്തിനായി ഷാങ്ഹായിൽ നിന്ന് മുംബൈയിലേക്ക് ആറ് മോഡൽ വൈ എസ് യുവികൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. വാഹനങ്ങൾ സ്റ്റോറിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു. അത്യാഢംബരത്തോടെ മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതാണ് ടെസ്ല കാറുകൾ.