ചെന്നൈ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും മോഡലുമായ സാൻ റേച്ചൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് പരിശോധിച്ച് പൊലീസ്. സാൻ റേച്ചലിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിവാഹാവശ്യങ്ങൾക്കായി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു. വീട്ടുകാർ അറിയാതെയാണ് കടം വാങ്ങിയത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് റേച്ചൽ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഒരാൾക്ക് പണം കൊടുക്കാനുണ്ട്. വിവാഹത്തിന് ആറ് ലക്ഷം രൂപ കടംവാങ്ങിയിരുന്നു. അച്ഛനോ ഭർത്താവോ അറിയാതെയാണ് കടം വാങ്ങിയത്. അച്ഛൻ പണം നൽകിയെന്നാണ് ഭർത്താവിനോട് പറഞ്ഞത്. കടം വാങ്ങിയ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും റേച്ചലിന്റെ കുറിപ്പിൽ പറയുന്നു.
ജൂലൈ അഞ്ചിനാണ് അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് റേച്ചൽ മരണപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു യുവതിയുടെ മരണം. അതുകൊണ്ട് തന്നെ റേച്ചലിന്റെ ഭർത്താവിനെയും വീട്ടുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. പിന്നീടാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നുണ്ട്. മോഡലിംഗിനും മറ്റും റേച്ചൽ അടുത്തിടെ സ്വർണാഭരണങ്ങൾ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തിരുന്നതായി റേച്ചലിന്റെ പിതാവ് പറഞ്ഞു.















