ബറേലി: ബിഹാറിൽ നിന്നുള്ള മദ്രസ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള മദ്രസ വിദ്യാർത്ഥിയുടെ മൃതദേഹമാണ് ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സിബി ഗഞ്ച് പ്രദേശത്തെ സെന്റർ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ജാമിത്-ഉർ-റാസ മദ്രസയിൽ ആലിമിയത്ത് കോഴ്‌സ് പഠിക്കുന്ന ബിഹാർ സ്വദേശിയായ മുഹമ്മദ് ഒവൈസാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഹോസ്റ്റലിലെ 87-ാം മുറിയിലായിരുന്നു മുഹമ്മദ് ഒവൈസ് താമസിച്ചിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുഹമ്മദിനെ തേടിയെത്തി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയ സഹപാഠികൾ കാണുന്നത് അകത്ത് ബോധമില്ലാതെ കിടക്കുന്ന മുഹമ്മദിനെയാണ്.
പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റ് സുപ്രധാന തെളിവുകളും ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു