ചെന്നൈ: ക്ലാസ് മുറികളിലെ പരമ്പരാഗതമായി പിന്തുടർന്ന് പോരുന്ന ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തി തമിഴ്‌നാട് സർക്കാർ. കുട്ടികളുടെ ഇരിപ്പിടങ്ങൾ U -ആകൃതിയിൽ ക്രമീകരിക്കാനാണ് സ്കൂളുകൾക്ക് നിർദേശം. കുട്ടികൾക്ക് അധ്യാപകരുമായി മികച്ച നേത്ര സമ്പർക്കം പുലർത്താനും അധ്യാപകർക്ക് കുട്ടികളെ ഫലപ്രദമായി നിരീക്ഷിക്കാനും ഈ ക്രമീകരണം സഹായിക്കും.
കൂടാതെ പഠിപ്പിക്കുന്നത് വ്യക്തമായി കേൾക്കാനും കൂടുതൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ക്ലാസ് മുറികളുടെ വലുപ്പവും വിദ്യാർത്ഥികളുടെ എണ്ണവും അടിസ്ഥാനമാക്കിയ്‌ക്കും പുതിയ ക്രമീകരണം നടപ്പിലാക്കുക.
കുട്ടികൾക്കുവേണ്ടിയുള്ള ഒരു മലയാള സിനിമയിൽ (സ്ഥാനാർത്ഥി ശ്രീക്കുട്ടനിൽ) നിന്നാണ് ഈ ആശയം കടമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. ഫ്രണ്ട് ബെഞ്ചർമാർക്കും ബാക്ക് ബെഞ്ചർമാർക്കും ഇടയിലുള്ള വിടവിനെ ചോദ്യം ചെയ്യുന്ന ഈ സിനിമയിൽ, ഏഴാം ക്ലാസ് വിദ്യാർത്ഥി ലളിതവും എന്നാൽ ശക്തവുമായ ഇരിപ്പിടങ്ങൾ പുനഃക്രമീകരിക്കുക എന്ന മാറ്റം നിർദ്ദേശിക്കുന്നു.
കേരളത്തിൽ ചില എതിർപ്പുകൾ നേരിട്ടിട്ടുണ്ടെങ്കിലും, സംസ്ഥാനത്തെ ഏകദേശം ഏഴ് സ്കൂളുകളിലും പഞ്ചാബിലെ ഒരു സ്കൂളിലും ഈ രീതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.