ഭോപ്പാൽ: പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്. ജോബത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സേന പട്ടേലിന്റെ മകൻ പുഷ്പരാജ് സിംഗിനെതിരെയാണ് കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ് പ്രതി.
അലിരാജ്പൂർ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവമുണ്ടായത്. നമ്പർപ്ലേറ്റ് ഇല്ലാതെ വരുകയായിരുന്ന വാഹനം പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോൺസ്റ്റബിൾമാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചു. കൊലപാതകശ്രമം ചുമത്തിയാണ് കേസെടുത്തത്.















