ബെംഗളൂരു: കർണാടകയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കലബുറഗി ജില്ലയിലെ ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളിലാണ് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷണം കഴിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടാൻ തുടങ്ങി. വിദ്യാർത്ഥികളെ പ്രാഥമിക ചികിത്സയ്ക്കായി ഗംഗാവാര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർചികിത്സയ്ക്കായി ജെവർഗി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി വിശകലനത്തിനായി അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ ഉറവിടം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.















