ന്യൂഡൽഹി: ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റിന് പിന്നാലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്. ഉത്തർപ്രദേശ്, മുംബൈ തുടങ്ങീ 12 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. യുപിയിൽ ബൽറാംപൂരിലെ ഉത്രൗളിയിലും മുംബൈയിലെ ബാന്ദ്ര, മാഹിം എന്നിവിടങ്ങളിലുമാണ് പരിശോധന. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
മതപരിവർത്തന റാക്കറ്റിലെ പ്രധാന പ്രതി ജമാലുദ്ദീന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷെഹ്സാദ് ഷെയ്ഖ് എന്ന വ്യക്തിക്കാണ് ഈ തുക കൈമാറിയതെന്നാണ് കണ്ടെത്തൽ. ഷെഹ്സാദിന്റെ രണ്ട് വസതികളിലും ഇഡി റെയ്ഡ് നടത്തിയിട്ടുണ്ട്. ബാന്ദ്രയിലും മാഹിമിലുമാണ് പരിശോധന നടത്തിയത്. ഷെഹ്സാദിനെ ഇഡി ചോദ്യം ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് മതപരിവർത്തന റാക്കറ്റിലെ മുഖ്യസൂത്രധരൻ ചങ്കൂർ ബാബ അറസ്റ്റിലായത്. ഹിന്ദു സ്ത്രീകളെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും പ്രണയം നടിച്ച് വശത്താക്കുകയും തുടർന്ന് മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. വ്യാജ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് സംഘം സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പിന്നീട് ഹിന്ദുപ്പേരിൽ വ്യാജ സോഷ്യൽമീഡിയ പ്രൊഫൈലുകളും ഉണ്ടാക്കിയിരുന്നു. ചങ്കൂർ ബാബയുടെ അറസ്റ്റോടെ നിർണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. വലിയ തോതിൽ സാമ്പത്തിക ഇടപാടുകളും പ്രതികൾ നടത്തിയിരുന്നു. ഇത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇഡി റെയ്ഡ്.















