മാനന്തവാടി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വിനോദിന്റെ മകൾ വെെഗ വിനോദ് (16) ആണ് മരിച്ചത്. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. പാമ്പു കടയേറ്റത് കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസമാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വൈഗയെ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്.
ഉടൻ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിനീതയാണ് മാതാവ്. കൃഷ്ണപ്രിയ സഹോദരിയാണ്.















