ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം ‘ജാനകി വി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് ചെയ്തു. പ്രേക്ഷകർക്കൊപ്പം ചിത്രം കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിയേറ്ററിലെത്തി. ആദ്യ ഷോ കാണുന്നതിനായി തൃശൂരിലെ രാഗം തിയേറ്ററിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
ട്രെയിലറെത്തി ആദ്യ മണിക്കൂറുകളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലർ കണ്ടത്. വലിയ വിവാദങ്ങൾക്ക് ശേഷമാണ് ജാനകി വി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലായി ചിത്രം റിലീസ് ചെയ്യും.
പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ജെഎസ്കെ. കാർത്തിക ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്. പേര് ഉൾപ്പെടെ എട്ടോളം തിരുത്തുകളോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ്ഗോപി ചിത്രത്തിൽ എത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ ഇൻവെസ്റ്റിഗേഷൻ സിനിമയായാണ് ജെഎസ്കെ തിയേറ്ററുകളിലേക്ക് എത്തുക.















