കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. അനധികൃതരുടെ കടുത്ത അനാസ്ഥയാണ് കുട്ടിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ക്ലാസ് മുറിയിൽ നിന്നും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മിഥുൻ. ഇതിനിടെ സമീപത്തുളള കഞ്ഞിപ്പുരയുടെ ഷീറ്റിട്ട മേൽക്കൂരയിലേക്ക് ഒരു കുട്ടിയുടെ ചെരുപ്പ് വീഴുകയായിരുന്നു. അതെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന്റെ കൈ മേൽക്കൂരയോട് ചേർന്ന കിടക്കുന്ന വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനാണ് ക്ലാസ് മുറിയിൽ നിന്നും ഒരു കൈ അകലത്തിൽ കടന്നു പോയത്. ഇതാണ് അപകടകാരണമായത്.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെടെ രംഗത്തെത്തി. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും എതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.















